ബിജാപുര്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 31 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിലാണ് സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.ബീജാപൂര്‍ ജില്ലയില്‍ ആരംഭിച്ച മറ്റൊരു ഓപ്പറേഷനില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട് ഒരാഴ്ച്ചയ്ക്ക് ശേഷമാണിത്.

വെസ്റ്റ് ബസ്തര്‍ ഡിവിഷനിലെ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ആരംഭിച്ച ഓപ്പറേഷനില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സും (സിആര്‍പിഎഫ്) അതിന്റെ എലൈറ്റ് യൂണിറ്റായ കോബ്രയും (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍) സംസ്ഥാന പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും പങ്കെടുത്തു.
ജനുവരി 31 ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനില്‍ എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ഐഇഡി ഉപയോഗിച്ച് വാഹനം തകര്‍ത്ത് എട്ട് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്‍മാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ 2026 ഓടെ നക്‌സലിസം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.