വന്‍കൂവര്‍ : ബ്രിട്ടിഷ് കൊളംബിയ ലോവര്‍ മെയിന്‍ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശൈത്യകാലാവസ്ഥ അനുഭവപ്പെടുമെന്ന് എന്‍വയണ്‍മെന്റ് കാനഡ. ഇന്ന് രാത്രിയും ചൊവ്വാഴ്ച രാവിലെയും കടുത്ത തണുപ്പായിരിക്കുമെന്ന് കാലാവസ്ഥാ ഏജന്‍സി പ്രവചിക്കുന്നു. വിസ്ലര്‍, സീ ടു സ്‌കൈ ഹൈവേ, ഫ്രേസര്‍ വാലിയുടെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് ബാധകമായിരിക്കും. സ്റ്റുവര്‍ട്ട്, ടെറസ്, കിറ്റിമാറ്റ് എന്നിവയുള്‍പ്പെടെ വടക്കന്‍ തീരങ്ങളിലും ബെല്ല കൂള ഉള്‍പ്പെടെയുള്ള മധ്യതീരങ്ങളിലും മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ ഉണ്ട്. മേഖലയില്‍ ആറ് മണിക്കൂറോ അതില്‍ കൂടുതലോ സമയം മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ അതില്‍ താഴെ തണുപ്പ് അനുഭവപ്പെടും.

പുറത്തുപോകുന്നവര്‍ ചൂട് നല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഫെഡറല്‍ ഏജന്‍സി നിര്‍ദ്ദേശിച്ചു. പുറത്തു ഇറങ്ങുമ്പോള്‍ ശരിയായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഹൈപ്പോഥെര്‍മിയ സംഭവിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ പ്രദേശങ്ങളിലുള്ളവര്‍ വീടിനു പുറത്തുള്ള ജോലികള്‍ കുറയ്ക്കണം. കൂടാതെ വളര്‍ത്തുമൃഗങ്ങള്‍ക്കും മറ്റ് ഔട്ട്‌ഡോര്‍ മൃഗങ്ങള്‍ക്കും സംരക്ഷണം ഒരുക്കണമെന്നും കാലാവസ്ഥാ ഏജന്‍സി നിര്‍ദ്ദേശിച്ചു.