മസ്കത്ത്: പൗരത്വ നടപടികൾ പരിഷ്‌കരിച്ച് ഒമാൻ ഭരണാധികാരിസുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. 2014ലെ ഒമാനി പൗരത്വ നിയവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ച ശേഷമാണ് താരിക് ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, പൊതുതാത്പര്യവും പുതിയ നിയമത്തിനായി അദ്ദേഹം പരിഗണിച്ചിട്ടുണ്ട്.
പൗരത്വ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമർപ്പിക്കേണ്ടത് ആഭ്യന്തര മന്ത്രാലയത്തിലാണ്. അപേക്ഷകൾ മന്ത്രാലയം പഠിക്കുകയും ചട്ടങ്ങളില്‍ പ്രതിപാദിച്ച നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് തീരുമാനം എടുക്കുകയും ചെയ്യും. എന്നാൽ, കാരണങ്ങൾ വ്യക്തതമാക്കാത്ത ഏതൊരു അപേക്ഷയും മന്ത്രാലയം തള്ളാം.

ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ പ്രകാരം ഒമാനി പൗരത്വം നല്‍കാനും പിന്‍വലിക്കാനും എടുത്തുമാറ്റാനും പുനഃസ്ഥാപിക്കാനും സാധിക്കും. അതേസമയം, നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ഒന്നിലേറെ തവണ ഒമാനി പൗരത്വം നല്‍കാനും സാധിക്കില്ല.
വിദേശികൾക്ക് ഒമാൻ പൗരത്വം നേടാൻ ചില വ്യവസ്ഥകൾ ബാധകമാണ്. അതിൽ പ്രധാനപ്പെട്ട വ്യവസ്ഥകൾ
1) 15 വര്‍ഷത്തില്‍ കുറയാതെ സുല്‍ത്താനേറ്റിലെ നിയമവിധേയവും തുടര്‍ച്ചയായതുമായ താമസം ഉണ്ടെങ്കില്‍ മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. അതേസമയം, ഒരു വര്‍ഷം 90 ദിവസത്തില്‍ കൂടാത്ത കാലയളവില്‍ രാജ്യത്തിന് പുറത്താണെങ്കിലും തുടര്‍ച്ചയായ താമസം എന്ന വ്യവസ്ഥയെ ബാധിക്കില്ല.
2) ഒഴുക്കോടെ അറബി വായിക്കുകയും എഴുതുകയും കഴിയണം.
3) നല്ല സ്വഭാവവും നല്ല പെരുമാറ്റവും
4) വിശ്വാസവും ആദരവും ഇല്ലാതാക്കുന്ന കുറ്റത്തിന് മുൻപ് ശിക്ഷിക്കപ്പെടാത്തവർ
5) നല്ല ആരോഗ്യവാനായിരിക്കുക, ചട്ടങ്ങളില്‍ പ്രതിപാദിച്ച പകര്‍ച്ചവ്യാധികളുണ്ടാകരുത്.
6) തന്റെയും ആശ്രിതരുടെയും ആവശ്യങ്ങള്‍ നിറവേറുന്ന തരത്തില്‍ മതിയായ നിയമാനുസൃത വരുമാന സ്രോതസ്സുണ്ടാകുക.
7) രാജ്യത്ത് ജനിക്കുകയോ സാധാരണ താമസം ഇവിടെയോയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പിതാവിന് അനുസരിച്ച് ഒമാനി പൗരത്വം ഉണ്ടാകും.

എന്നാൽ, സ്വന്തമായോ മറ്റൊരാള്‍ക്കോ വേണ്ടിയുള്ള പൗരത്വത്തിനായി അപേക്ഷിക്കാനോ പൗരത്വം ത്യജിക്കാനോ അധികൃതര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയോ തെറ്റായ രേഖകള്‍ സമര്‍പ്പിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം മുതൽ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം, 5000 മുതൽ 10,000 ഒമാനി റിയാല്‍ വരെ പിഴയും ലഭിക്കും. ചിലപ്പോൾ, ഈ രണ്ട് ശിക്ഷയില്‍ ഏതെങ്കിലും ഒന്ന് മാത്രവും ലഭിക്കാം.