ടെൽ അവീവ് : വെടിനിർത്തൽ കരാർ വ്യവസ്ഥകൾ നിരന്തരം ലംഘിക്കുന്ന സമീപനം ഇസ്രയേൽ തിരുത്താതെ ഇനി ബന്ദിമോചനമില്ലെന്ന് പ്രഖ്യാപിച്ച് ഹമാസ്. ഇസ്രയേൽ കരാർലംഘനം തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച നടക്കേണ്ട ബന്ദിമോചനം ഹമാസ് നിർത്തിവച്ചു. ആദ്യഘട്ട വെടിനിർത്തലിന്റെ ഭാഗമായി അഞ്ചാം ബന്ദി കൈമാറ്റവും തടവുകാരുടെ മോചനവും നടന്നെങ്കിലും ഇരുപക്ഷവും ചേർന്നുണ്ടാക്കിയ വ്യവസ്ഥകൾ ലംഘിക്കാനാണ് ഇസ്രയേൽ നീക്കമെന്ന് ഹമാസ് കുറ്റപ്പെടുത്തി.
രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾക്ക് വിഘാതം സൃഷ്ടിക്കുക, തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുക, വടക്കൻ ഗാസയിലേക്ക് മടങ്ങുന്ന പലസ്തീനികൾക്കു നേരെ ആക്രമണം നടത്തുക, ഗാസയിലെ ആശുപത്രികൾക്കുള്ള അടിയന്തര സഹായം തടയുക എന്നിവ കരാർ ലംഘനമാണെന്ന് ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വ്യക്തമാക്കി. കരാർ പ്രകാരം ശനിയാഴ്ച നടക്കേണ്ട മൂന്ന് ബന്ദികളുടെ മോചനം നീട്ടിവെച്ചതായും അബൂ ഉബൈദ അറിയിച്ചു.

അതേസമയം, ശനിയാഴ്ച കരാർ പ്രകാരം ബന്ദികളെ കൈമാറിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ഇസ്രയേൽ സൈനിക, രാഷ്ട്രീയ നേതൃത്വം തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചു. സൈന്യത്തോട് ജാഗ്രതയോടെ നിലയുറപ്പിക്കാൻ നിർദേശിച്ച ഇസ്രയേൽ നേതൃത്വം, ഇന്ന് സുരക്ഷാ മന്ത്രിസഭയുടെഅടിയന്തര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.