ടൊറന്റോ : കഴിഞ്ഞ വര്‍ഷം സ്ഫോടനത്തെ തുടര്‍ന്ന് ജീവനക്കാരന്‍ മരിച്ച സെന്റ് കാതറിന്‍സിലെ മാലിന്യ സംസ്‌ക്കരണ കേന്ദ്രം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം. പ്രവിശ്യ പരിസ്ഥിതി, സംരക്ഷണ, പാര്‍ക്ക് മന്ത്രാലയം (MECP) നടത്തിയ അന്വേഷണത്തിലാണ് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ആഘാതം സൃഷ്ടിക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. മന്ത്രാലയ നിര്‍ദ്ദേശം അംഗീകരിച്ചു കഴിഞ്ഞാല്‍, കമ്പനി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്ക് അനുസൃതമായി അടച്ചുപൂട്ടല്‍ പദ്ധതി നടപ്പിലാക്കും.

2023 ജനുവരി 12-ന് രാവിലെ സെന്റ് കാതറിന്‍സിലെ സോണിക്സ് പ്രോഡക്ട്‌സില്‍ നടന്ന സ്ഫോടനത്തില്‍ ജീവനക്കാരന്‍ 37 വയസ്സുള്ള റയാന്‍ കൊങ്കിന്‍ മരിച്ചിരുന്നു. സ്ഫോടനസമയത്ത് കെട്ടിടത്തിനുള്ളില്‍ കൊങ്കിന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശരീരത്തിന്റെ 90 ശതമാനവും പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.