മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും പണം വാരി പടങ്ങളിൽ ഒന്നായ പ്രേമലുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ച് ഭാവന സ്റ്റുഡിയോസ്. ഒന്നാം പിറന്നാൾ ദിനത്തിൽ ഏറെ രസകരമായ ഒരു വീഡിയോയിലൂടെ ആണ് ഭാവന സ്റ്റുഡിയോസ് പ്രേമലുവിന് പിറന്നാൾ ആശംസകൾ നേർന്നത്. പ്രേമലുവിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് 2025 ജൂണിൽ തുടങ്ങും. 2024 ഫെബ്രുവരി 9നു തീയറ്ററുകളിൽ എത്തിയ പ്രേമലു ഗംഭീര വിജയമാണ് നേടിയത്. എല്ലാത്തരം പ്രേകഷകരെയും ഒരുപോലെ ആകർഷിച്ച ചിത്രം ഇന്ത്യ ഒട്ടാകെ തരംഗമായി മാറി. ഭാവന സ്റുഡിയോസിന്റെ ബാനറിൽ നസ്ലൻ മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴിമാറ്റപ്പെടുകയും അവിടെയും വമ്പൻ വിജയം ആവർത്തിക്കുകയും ചെയ്തു.

ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വിജയമാണ് ആന്ധ്രാ പ്രദേശ് തെലുങ്കാന സംസ്ഥാനങ്ങളിൽ ചിത്രത്തിന് ലഭിച്ചത്. രാജമൗലി, പ്രിയദർശൻ ഉൾപ്പടെയുള്ള പ്രശസ്ത സംവിധായകരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. ആദ്യ ദിനം മുതല്‍ തന്നെ മൗത്ത് പബ്ലിസിറ്റിയും നേടിയിരുന്നു. ഒന്നാം ദിനം 90 ലക്ഷം രൂപ കളക്ട് ചെയ്ത ചിത്രത്തിന്‍റെ തേരോട്ടം തുടങ്ങിയത് രണ്ടാം ദിനം മുതലായിരുന്നു. പിന്നീട് ഇങ്ങോട്ട് കേരളത്തിന് അകത്തും പുറത്തും മികച്ച കളക്ഷന്‍ നേടിയ പ്രേമലു 135.9 കോടി നേടി. ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷനാണിത്. ഒരു വർഷത്തോട് അനുബന്ധിച്ച് പ്രേമലു റി റിലീസ് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 8നാണ് പ്രദർശനത്തിന് എത്തിയത്. ബാംഗ്ലൂർ, ചെന്നൈ, കേരളം എന്നിവിടങ്ങളിലെ പിവിആർ സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ്. നിലവിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. 2025 അവസാനത്തോടെ പ്രേമലു 2 റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.