വാഷിങ്ടൺ: ഗാസ വാങ്ങാനും സ്വന്തമാക്കാനും തയ്യാറാണെന്ന വിവാദ പ്രസ്താവനയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് യുദ്ധത്തിൽ തകർന്ന ഗാസയുടെ ഭാഗങ്ങൾ പുനർനിർമിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഗാസ വാങ്ങാൻ തങ്ങൾ ഒരുക്കമാണ്. അമേരിക്ക അത് പുനർനിർമിക്കുമ്പോൾ, മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയും അതിന്‍റെ ഭാഗങ്ങൾ നിർമിക്കാൻ അനുവദിച്ചേക്കും. തങ്ങളുടെ നേതൃത്വത്തിൽ മറ്റുള്ളവർക്കും ഇത് ചെയ്യാം. എന്നാൽ, അത് സ്വന്തമാക്കാനും ഏറ്റെടുക്കാനും ഹമാസ് പിന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ട്രംപ് പറഞ്ഞു.ചില പലസ്തീൻ അഭയാർത്ഥികളെ അമേരിക്കയിലേക്ക് അനുവദിക്കാനുള്ള സാധ്യതകൾ തുറന്നിട്ടുണ്ട്. എന്നാൽ, അത്തരം കാര്യങ്ങൾ ഓരോ അപേക്ഷയുടെയും അടിസ്ഥാനത്തിലാണ് പരിഗണിക്കുകയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, ട്രംപിന്‍റെ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്തുവന്നു. ഗാസ വിൽക്കാനും വാങ്ങാനുമുള്ള വസ്തുവല്ലെന്ന് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത്ത് അൽ റാഷ്ഖ് വ്യക്തമാക്കി. പലസ്തീനികളെ സ്ഥിരമായി കുടിയിറക്കുമെന്നും ഗാസയെ മിഡിൽ ഈസ്റ്റിന്‍റെ സുഖവാസ കേന്ദ്രമാക്കി മാറ്റുമെന്നും കഴിഞ്ഞായാഴ്ച ട്രംപ് പറഞ്ഞിരുന്നു.