ലണ്ടൻ: ഇംഗ്ലീഷിന് പുറമെ ബംഗാളി ഭാഷയിലും റെയിൽവേ സ്റ്റേഷന്റെ പേര് എഴുതിയതിനെതിരെ പ്രതികരണവുമായി ബ്രിട്ടീഷ് എംപി റൂപർട്ട് ലവ്. ലണ്ടനിലെ വൈറ്റ്ചാപ്പൽ സ്റ്റേഷന്റെ പേരാണ് ബംഗാളിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെയാണ് ബ്രിട്ടീഷ് എംപി രംഗത്തുവന്നത്. ഇത് ലണ്ടനാണെന്നും സ്റ്റേഷന്റെ പേര് ഇംഗ്ലീഷിൽ മാത്രമായിരിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം, എം പി യുടെ ആശയത്തെ പിന്തുണച്ച് ടെസ്ല സിഇഒ ഇലോൺ മസ്കും രംഗത്തെത്തി. റൂപർട്ട് ലവിന്റെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് ഇലോൺ മസ്ക് ‘അതെ’ എന്ന് മറുപടി നൽകുകയായിരുന്നു. വലതുപക്ഷ പാർട്ടിയായ റിഫോം യുകെയുടെ എംപിയാണ് റൂപർട്ട്.

ഈസ്റ്റ് ലണ്ടനിലെ ബംഗ്ലാദേശി സമൂഹത്തിന്‍റെ സംഭാവനകൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് 2022 – ൽ വൈറ്റ്ചാപ്പൽ സ്റ്റേഷനിൽ ബംഗാളിയിലുള്ള ബോർഡ് സ്ഥാപിച്ചത്. ബ്രിട്ടനിൽ ഏറ്റവുമധികം ബംഗ്ലാദേശി സമൂഹം താമസിക്കുന്ന പ്രദേശമാണിവിടം. ബോർഡ് സ്ഥാപിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇത് നമ്മുടെ സംസ്കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും വിജയമാണെന്ന് മമത ട്വീറ്റ് ചെയ്യുകയുണ്ടായി. അതേസമയം, ബംഗാളി ബോർഡിനെതിരായ റൂപർട്ടിന്‍റെ ട്വീറ്റിനോട് അനുകൂലമായും പ്രതികൂലമായും നിരവധി പേരാണ് പ്രതികരിച്ചിട്ടുള്ളത്.