ഓഷവ : ആഡംബരവാഹനമോഷണക്കേസില്‍ രണ്ട് കെബക് സ്വദേശികള്‍ ഓഷവയില്‍ അറസ്റ്റിലായി. നഗരത്തില്‍ നിന്നും നാല് പ്രതികള്‍ മോഷ്ടിച്ച കറുത്ത ബിഎംഡബ്ല്യു എസ് യുവിയുമായി സഞ്ചരിക്കുന്നതിനിടെ മറ്റൊരു വാഹനത്തില്‍ ഇടിച്ച് അപകടമുണ്ടായതായി ദുര്‍ഹം റീജനല്‍ പൊലീസ് പറയുന്നു. റിറ്റ്സണ്‍ റോഡ് സൗത്തിനു സമീപം ഒലിവ് സ്ട്രീറ്റില്‍ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ബിഎംഡബ്ല്യു കാറിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്തു നിന്നും രക്ഷപെട്ടതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ രണ്ട് പ്രതികളെ സമീപത്ത് നിന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. കെബക് സ്വദേശികളായ ഓനി ആന്ദ്രേയ്, (19), സിറിയാക്ക് കോഫി(19) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പ്രതികള്‍ ഒളിവിലാണ്.

പ്രതികള്‍ക്കെതിരെ വാഹനമോഷണം, റിലീസ് ഓര്‍ഡര്‍ പാലിക്കുന്നതില്‍ പരാജയപ്പെടുക, വാഹനമോഷണത്തിനായി ഇലക്ട്രോണിക് ഉപകരണം കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. പ്രതികള്‍ക്ക് നിരവധി വാഹനമോഷണവുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരേയും കോടതിയില്‍ ഹാജരാക്കി