രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സില്‍ എത്തി. പാരിസ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഫ്രാന്‍സ് സായുധസേന മന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു സ്വീകരിച്ചു. എലിസി കൊട്ടാരത്തില്‍ ഒരുക്കിയ വിരുന്നുസല്‍ക്കാരത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.
അതെസമയം പാരിസില്‍, ലോക നേതാക്കളുടെയും രാജ്യാന്തര ടെക് സിഇഒമാരുടെയും സമ്മേളനമായ എഐ ഉച്ചകോടിക്ക് തുക്കമായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്ക്കൊപ്പം മോദി അധ്യക്ഷത വഹിക്കും.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് അടക്കം നൂറ് രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നത്.

ഫ്രാന്‍സില്‍ എത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് മാക്രോണ്‍ നല്‍കിയത്. പ്രിയ സുഹൃത്ത് മോദിയെയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിനെയും കണ്ടു. എല്ലാവര്‍ക്കും പാരിസിലേക്ക് സ്വാഗതം. വരൂ നമ്മള്‍ക്ക് ജോലിയിലേക്കു പ്രവേശിക്കാം.” – മോദിക്കൊപ്പമുള്ള വിഡിയോ സഹിതം ഇമ്മാനുവല്‍ മക്രോ എക്‌സില്‍ പോസ്റ്റ് ചെയ്തു.
എഐ ഉച്ചകോടിക്കു പുറമേ ഫ്രാന്‍സുമായി ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ നടത്തുന്നുണ്ട്. പിന്നാലെ ഫ്രാന്‍സിലെ ബിസിനസ് നേതാക്കളെയും മോദി അഭിസംബോധന ചെയ്യും. ബുധനാഴ്ച ഒന്നാം ലോകമഹായുദ്ധത്തില്‍ രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി ഇരു നേതാക്കളും മാര്‍സെയിലിലെ മസാര്‍ഗസ് യുദ്ധ സെമിത്തേരി സന്ദര്‍ശിക്കും. മാര്‍സെയിലില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. കൂടാതെ ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഗവേഷണത്തിലെ ഒരു പ്രധാന നാഴികക്കല്ലായ മാര്‍സെയിലെ ഇന്റര്‍നാഷണല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്‌സ്പിരിമെന്റല്‍ റിയാക്ടര്‍ (ഐടിഇആര്‍) പ്രോജക്ട് അദ്ദേഹം സന്ദര്‍ശിക്കും.
ബുധനാഴ്ച വരെ ഫ്രാന്‍സില്‍ തുടരുന്ന മോദി തുടര്‍ന്ന് യുഎസിലേക്ക് പോകും. ഫെബ്രുവരി 12,13 തീയതികളിലാണ് യുഎസ് സന്ദര്‍ശനം. ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി സാങ്കേതികവിദ്യ, പ്രതിരോധം, സാമ്പത്തിക വളര്‍ച്ച എന്നീ വിഷയങ്ങളോടൊപ്പം ലോകരാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ചര്‍ച്ച ചെയ്യും.