ജറുസലം: ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അല്ലെങ്കിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ നിർത്തലാക്കാൻ ആഹ്വാനം ചെയ്യുമെന്നും ആക്രമണം വീണ്ടും തുടങ്ങുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ആറ് ആഴ്ചത്തെ വെടിനിർത്തൽ കരാറിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഈ വിഷയത്തിൽ യുഎസ് പ്രസിഡന്റ് വീണ്ടും ഇടപെട്ടത്. വെടിനിർത്തലിനു ശേഷം എന്തു ചെയ്യണമെന്ന് ഇസ്രയേൽ തീരുമാനിക്കട്ടെ എന്നും ട്രംപ് പറഞ്ഞു.

ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും നമുക്ക് അവരെയെല്ലാം തിരികെ വേണമെന്നും ട്രംപ് പറഞ്ഞു. “ഞാൻ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം, പക്ഷേ എന്റെ കാര്യത്തിൽ, ശനിയാഴ്ച രാത്രി 12 മണിക്ക് അവർ ഇവിടെ ഇല്ലെങ്കിൽ, വീണ്ടും നരകം സൃഷ്ടിക്കും” ട്രംപ് കൂട്ടിച്ചേർത്തു. താൻ നിർദേശിച്ച സമയപരിധിയെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.