ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്സ്എഐ വികസിപ്പിച്ചെടുത്ത് ആദ്യ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ പുറത്തിറക്കി. ഉദ്ഘാടന വേളയില്‍ ചാറ്റ്ബോട്ടിന്റെ ലൈവ് ഡെമോയും സവിശേഷതകള്‍ എന്തൊക്കയാണെന്നും മസ്‌കും സംഘവും വെര്‍ച്വലായി വിശദീകരിച്ചു. ‘ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ’ എന്നാണു ഗ്രോക് 3ക്ക് മസ്‌ക് നല്‍കിയിരിക്കുന്ന വിശേഷണം.
ആദ്യഘട്ടമായി മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിലെ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമായിട്ടുണ്ട്. പല അക്കൗണ്ടുകളിലെ പോസ്റ്റുകള്‍ക്കും വലതുവശത്തായി ഗ്രോക് എഐ ചിഹ്നം കൊടുത്തിട്ടുണ്ട്. ഈ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ ആ പോസ്റ്റിനെക്കുറിച്ചു ഗ്രോക് എഐയുടെ വിശദീകരണം വായിക്കാം. എക്‌സിലെ പ്രീമിയം പ്ലസ് സബ്‌സ്‌ക്രൈബേര്‍സിനാണ് ആദ്യഘട്ടത്തില്‍ ഗ്രോക് 3ന്റെ അത്യന്താധുനിക ഫീച്ചറുകള്‍ പരീക്ഷിക്കാന്‍ അവസരം കിട്ടുക.

നിര്‍മിത ബുദ്ധി ഏറ്റവും വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികളില്‍ ഒന്നായ ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍എഐയുടെ മുഖ്യ എതിരാളിയായിരിക്കും ഗ്രോക് 3. നിലവിലുള്ള എല്ലാ എഐ പ്ലാറ്റ്ഫോമുകളെയും പിന്തള്ളുന്ന പ്രകടനമായിരിക്കും ഗ്രോക് 3 നടത്തുകയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.