വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എസ് സന്ദർശനത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ നിലപാടുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ നൽകുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചോദിച്ചു . ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ്’ ഇന്ത്യയെന്നും ട്രംപ് വ്യക്തമാക്കി. വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി യുഎസ് എയ്ഡ് 21 മില്യൺ ഡോളർ തെരഞ്ഞെടുപ്പ് കമ്മീഷന് സംഭാവന ചെയ്തതായി ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് എഫിഷ്യൻസി വകുപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

സാമ്പത്തിക വളർച്ചയുള്ള, ഉയർന്ന നികുതി ചുമത്തുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അമേരിക്കയ്ക്ക് ഇന്ത്യയിലേക്ക് കടക്കാനാകാത്തത് ഉയർന്ന നികുതി മൂലമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞു.