വത്തിക്കാൻ സിറ്റി: ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണം. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസകോശ അണുബാധയ്ക്കു ചികിത്സയ്ക്കും പരിശോധനകൾക്കുമായി 5 ദിവസമായി ആശുപത്രിയിൽ തുടരുകയാണ് അദ്ദേഹം. റോമിലെ ആശുപത്രിക്കു മുന്നിൽ ആയിരങ്ങളാണു ഫ്രാൻസീസ് മാർപാപ്പക്കായി പ്രാർഥനയുമായി എത്തിയിട്ടുള്ളത്.

എക്സ്-റേ പരിശോധനയിലാണു ഗുരുതര ന്യുമോണിയ കണ്ടെത്തിയത്. നേരത്തേ കണ്ടെത്തിയ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് കോർട്ടിസോൺ തെറപ്പി തുടർചികിത്സ കൂടുതൽ സങ്കീർണമാക്കുമെന്നാണു സൂചന. രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധയാണു പോളിമൈക്രോബയൽ അണുബാധ.
ജന്മനാടായ അർജന്റീനയിൽ പുരോഹിത പഠനത്തിനിടെ ഇരുപതുകളുടെ തുടക്കത്തിൽ മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. അനാരോഗ്യം ബാധിച്ചിരുന്ന മാർപാപ്പയെ 2023 മാർച്ചിൽ ബ്രോങ്കൈറ്റിസ് ആണെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പു. പിന്നീട് ന്യുമോണിയയാണെന്നു കണ്ടെത്തി. പിന്നീട് ജൂണിലും 2024 ഫെബ്രുവരിയിലും ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021 ജൂണിൽ അദ്ദേഹത്തിനു വൻകുടൽ ശസ്ത്രക്രിയ നടത്തിയിരുന്നു. നടുവേദനയും കാൽമുട്ടിലെ പ്രശ്നവും കാരണം പലപ്പോഴും മാർപാപ്പ വീൽചെയറോ വോക്കിങ് സ്റ്റിക്കോ ഉപയോഗിക്കാറുണ്ട്.
അതേസമയം മാർപാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികനാകും. കഴിഞ്ഞ വെള്ളിയാഴ്ചയാണു മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.