ജറുസലേം : മധ്യ ഇസ്രയേലിൽ പാർക്കിങ് സ്ഥലത്ത് മൂന്ന് ബസുകളിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. ഭീകരാക്രമണമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ആർക്കും പരുക്കുകളില്ല. അതേസമയം മറ്റ് ബസുകളിൽ നിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയതായി പൊലീസ് വക്താവ് അസി അഹറോണി അറിയിച്ചു. അഞ്ച് ബോംബുകളും സമാനമാണെന്നും ടൈമറുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു. ബോംബ് സ്ക്വാഡുകൾ പൊട്ടാത്ത ബോംബുകൾ നിർവീര്യമാക്കി. സംഭവത്തിൽ ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചു.

ബസ് സ്ഫോടനങ്ങളെത്തുടർന്ന് വാഹനങ്ങൾ പരിശോധിക്കുന്നതിനായി എല്ലാ ബസ്, ട്രെയിൻ സർവീസുകളും നിർത്തിവയ്ക്കാൻ ഇസ്രയേൽ ഉദ്യോഗസ്ഥർ ഉത്തരവിട്ടു. വ്യാഴാഴ്ച രാത്രി 8:30 ഓടെയാണ് ടെൽ അവീവിന് സതേൺ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാറ്റ് യാമിലെ ബസ് ഡിപ്പോയിൽ മൂന്ന് ബസുകൾ പൊട്ടിത്തെറിച്ചത്. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.