ഓട്ടവ : യുഎസ് താരിഫുകളും പ്രതികാര താരിഫുകളും കാനഡയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം. പണപ്പെരുപ്പം വര്‍ധിപ്പിക്കുന്നതിനൊപ്പം യുഎസ് താരിഫുകള്‍ ഭീഷണിയായി മാറിയാല്‍, സാമ്പത്തിക ആഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍, കോവിഡ് മഹാമാരിക്കാലത്തെ പണപ്പെരുപ്പത്തില്‍ നിന്ന് വ്യത്യസ്തമായി, താരിഫുകള്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ ബാങ്ക് ഓഫ് കാനഡയ്ക്ക് സാധിക്കാതെ വരുമെന്നും ടിഫ് മക്ലെം പറയുന്നു.

താരിഫുകളില്‍ നിന്നുള്ള ആഘാതം കോവിഡ് മഹാമാരിക്കാലത്തെ സാമ്പത്തിക ആഘാതത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് രാജ്യം മാന്ദ്യത്തെ നേരിട്ടിരുന്നെങ്കിലും സമ്പദ്വ്യവസ്ഥ വീണ്ടും അതിവേഗം പൂര്‍വസ്ഥിതിയില്‍ എത്തിയിരുന്നു. എന്നാല്‍, താരിഫുകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതാണെങ്കില്‍, സാമ്പത്തിക മാന്ദ്യം കൊടുക്കുമെന്നും അദ്ദേഹം പറയുന്നു. യുഎസ് ഭീഷണിപ്പെടുത്തുന്ന താരിഫുകള്‍ ചുമത്തുകയും കാനഡ തിരിച്ചടിക്കുകയും ചെയ്താല്‍, കനേഡിയന്‍ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും, അതേസമയം പണപ്പെരുപ്പവും ഉയരും, മക്ലെം പറഞ്ഞു.
പലിശ നിരക്ക് കുറയ്ക്കുന്നതിലൂടെ ബാങ്ക് ഓഫ് കാനഡയ്ക്ക് സമ്പദ്വ്യവസ്ഥയെ ആഘാതത്തില്‍ നിന്നും ഒരു പരിധിവരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കും. എന്നാല്‍, പണപ്പെരുപ്പം ഉയരുന്നതിനാല്‍ സെന്‍ട്രല്‍ ബാങ്കിന് നിരക്കുകള്‍ വളരെയധികം കുറയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.