വാഷിങ്ടന്‍: മെക്‌സിക്കോയുമായുള്ള അതിര്‍ത്തി അടച്ചും യുഎസ് സൈനിക തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയും യുഎസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ നീക്കം. സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അതിര്‍ത്തി അടച്ച വിവരം അറിയിച്ചത്. ”ഞങ്ങളുടെ തെക്കന്‍ അതിര്‍ത്തി അടച്ചിരിക്കുന്നു” എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ മെക്‌സിക്കോ അതിര്‍ത്തി അടയ്ക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

അതിര്‍ത്തി സുരക്ഷ, വ്യാപാര വിഷയങ്ങളില്‍ മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി യുഎസ് കരാറൊപ്പിട്ടതിനു ആഴ്ചകള്‍ക്കകമാണ് ട്രംപിന്റെ പ്രഖ്യാപനം. അതിര്‍ത്തിയില്‍ 10,000 സൈനികരെക്കൂടി മെക്‌സിക്കോ അധികമായി വിന്യസിക്കുമെന്നും വ്യാപാര വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും ഫെബ്രുവരി ആദ്യം ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. തന്റെ ആദ്യ ഭരണകാലത്ത് മെക്‌സിക്കോ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ 5200 സൈനികരെയാണു ട്രംപ് വിന്യസിച്ചത്. മുന്‍ പ്രസിഡന്റ് ജോ ബൈഡനും സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു.
അതിനിടെ, യുഎസ് സംയുക്ത സൈനിക മേധാവി ജനറല്‍ സി.ക്യു. ബ്രൗണിനെ ട്രംപ് പുറത്താക്കി. ബ്രൗണിനൊപ്പം നാവികസേനയിലെയും വ്യോമസേനയിലെയും 5 മുതിര്‍ന്ന ജനറല്‍മാരെയും പുറത്താക്കിയിട്ടുണ്ട്. ബ്രൗണിന്റെ നാലുവര്‍ഷത്തെ കാലാവധിയില്‍ രണ്ടുവര്‍ഷം ബാക്കിനില്‍ക്കെയാണ് നടപടി. മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡാന്‍ റാസിന്‍ കെയ്‌നിനെ പുതിയ സംയുക്ത സൈനിക മേധാവിയായി നാമനിര്‍ദേശം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.ഇതാദ്യമായാണ് വിരമിച്ച ഒരാളെ സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.