വാഷിങ്ടണ്‍: കഴിഞ്ഞ ഒരാഴ്ച എന്ത് ജോലിയാണ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ ഫെഡറല്‍ ജീവനക്കാരോട് ആവശ്യപ്പെട്ട് യുഎസ് സർക്കാർ ഏജൻസി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി (ഡോജ്) യുടെ
തലവന്‍ ഇലോണ്‍ മസ്‌ക്. മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ രാജി വെച്ചതായി കണക്കാക്കുമെന്നും ശനിയാഴ്ച ജീവനക്കാര്‍ക്ക് ലഭിച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.ഓഫീസിലേക്ക് മടങ്ങാന്‍ താത്പര്യമില്ലാത്ത ഫെഡറല്‍ ജീവനക്കാര്‍ക്ക് രാജിവയ്ക്കാന്‍ അവസരം നല്‍കി ട്രംപിന്റെ നീക്കം വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മസ്‌കിന്റെ വകുപ്പില്‍ നിന്ന് തൊഴിലാളികള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. എന്നാല്‍ ഇ-മെയിലിന് ഉടന്‍ മറുപടി നല്‍കണ്ടന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ഉള്‍പ്പടെയുള്ള ദേശീയ സുരക്ഷ ഏജന്‍സികള്‍ ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശം. ഉന്നതതല വിഭാഗങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഇവര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് മറുപടി അയക്കാനുള്ള അവസാന തീയതി.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം ഫെഡറല്‍ ജീവനക്കാര്‍ക്ക് അവരുടെ തൊളിലിടങ്ങളില്‍ കഴിഞ്ഞ ആഴ്ച എന്ത് ചെയ്തു എന്ന ചോദ്യവുമായി ഉടന്‍ തന്നെ ഇ-മെയില്‍ ലഭിക്കുമെന്ന് മസ്‌ക് എക്സിലൂടെ അറിയിച്ചിരുന്നു.
തൃപ്തികരമായ മറുപടി ഇതിനോടകം തന്നെ ലഭിച്ചുതുടങ്ങിയെന്നും ഇവരെയാണ് സ്ഥാനക്കയറ്റത്തിനായി പരിഗണിക്കേണ്ടതെന്നും മസ്‌ക് വ്യക്തമാക്കുകയുണ്ടായി. അതേസമയം നിയമ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവനക്കാര്‍ക്കു നേരെയുള്ള നടപടികളെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.