മസ്‌കത്ത്: ഒമാനിലെ സുഹാറിനെയും യുഎഇയിലെ അബുദാബിയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍വേ ലിങ്കിന്റെ നിർമാണം ആരംഭിച്ചു. ഒമാന്‍ റെയില്‍, ഇത്തിഹാദ് റെയില്‍ എന്നിവരുടെ നേതൃത്വത്തിൽ കണ്‍സോര്‍ഷ്യമാണ് ‘ഹഫീത് റെയില്‍’ നിർമാണം ആരംഭിച്ചത്. 34 മീറ്റര്‍ വരെ ഉയരമുള്ള 60 പാലങ്ങള്‍, 2.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് സുഹാര്‍ അബുദാബി റെയില്‍ പദ്ധതി.
റെയില്‍ പദ്ധതിയുടെ പ്രധാന യാത്രാ സ്‌റ്റോപ്പുകള്‍, ഷിപ്പിങ് സ്‌റ്റേഷനുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍ തുടങ്ങിയവയുടെ പ്രദേശങ്ങളില്‍ ഹഫീത്ത് റെയില്‍ കരാറുകാരും കണ്‍സള്‍ട്ടന്റുമാരും റെയില്‍ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് സംഘങ്ങളും സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ ഉറപ്പുവരുത്തി.

റെയില്‍ ശൃംഖലയുടെ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം ഇരു രാഷ്ട്രങ്ങളുടെ കമ്പനികള്‍ തമ്മില്‍ ഷെയര്‍ഹോള്‍ഡര്‍ ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നു. ഖനനം, ഇരുമ്പ്, ഉരുക്ക്, കൃഷി, ഭക്ഷണം, റീട്ടെയില്‍, ഇ-കൊമേഴ്‌സ്, പെട്രോ കെമിക്കല്‍ മേഖലകൾ തുടങ്ങി ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളുടെ വികസനത്തിന് ഹഫീത് റെയില്‍ സംഭാവന നല്‍കും. 300 കോടി യുഎസ് ഡോളര്‍ ചെലവിലാണ് സംയുക്ത റെയില്‍വേ ശൃംഖല നിർമിക്കുന്നത്.