മസ്‌കത്ത്: ഈ വര്‍ഷം അഞ്ച് റോക്കറ്റുകളുടെ വിക്ഷേപണത്തിന് തയ്യാറെടുത്ത് ഒമാന്‍. ഏപ്രില്‍ അവസാനത്തോടെ ആദ്യ റോക്കറ്റ് ‘യൂനിറ്റ് ഒന്ന്’കുതിച്ചുയരും. ജൂണില്‍ ദുകം2, ഒക്ടോബറില്‍ ദുകം3, നവംബറില്‍ അംബിഷന്‍3, ഡിസംബറില്‍ ദുകം 4 എന്നിവയും വിക്ഷേിപിക്കുമെന്നും ഇത്ത്ലാഖ് സ്പേസ്പോര്‍ട്ട് അറിയിച്ചു.
പരിസ്ഥിതി പഠനം, ആശയവിനിമയം, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിലെ ഗവേഷണത്തിലൂടെ ആഗോള ശാസ്ത്ര സമൂഹത്തിന് ഒമാന്റെ സംഭാവന വര്‍ധിപ്പിക്കുകയാണ് ദൗത്യങ്ങളുടെ ലക്ഷ്യം.

കഴിഞ്ഞ ഡിസംബറിലാണ് ഒമാന്റെ ആദ്യ പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപിച്ചത്. ദുകമിലെ ഇത്ലാഖ് സ്പേസ്പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണം. സമുദ്രനിരപ്പില്‍ നിന്ന് 140 കിലോമീറ്റര്‍ ഉയരത്തില്‍ 1530 മീറ്റര്‍ സെക്കന്‍ഡ് വേഗതയില്‍ ഏകദേശം 15 മിനിറ്റോളം റോക്കറ്റ് സഞ്ചരിച്ചു. 123 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.5 മീറ്റര്‍ ഉയരമാണുള്ളത്. സെക്കന്‍ഡില്‍ 1,530 മീറ്റര്‍ വേഗതയില്‍ ഉയരും. ഒമാനി സ്പേസ് കമ്പനിയായ നാഷനല്‍ എയ്റോസ്പേസ് സര്‍വീസസ് കമ്പനി (നാസ്‌കോം) ആണ് ഇത്ലാഖ് സ്പേസ് പോര്‍ട്ടിന് നേതൃത്വം നല്‍കുന്നത്.