ന്യൂഡൽഹി: ഇനി അനുനയനീക്കത്തിനില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസിന് ശശി തരൂർ എംപിയുടെ മുന്നറിയിപ്പ്. പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്നായിരുന്നു ശശി തരൂരിന്റെ മുന്നറിയിപ്പ്. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും കേരളത്തിൽ തിരിച്ചടി നേരിടേണ്ടി വരും. ഘടക കക്ഷികൾ തൃപ്തരല്ലെന്നും, ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നുമാണ് തരൂരിന്റെ തുറന്ന് പറച്ചിൽ.

അതേസമയം, ശശി തരൂരുമായി ഇനി കൂടുതൽ ചർച്ചകൾ ഇല്ലെന്ന സൂചനയും കോൺഗ്രസ് നേതൃത്വം അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തിൽ ദില്ലിയിൽ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ തരൂർ മുൻപോട്ട് വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിച്ചില്ലെന്നാണ് സൂചന.