വലൻസിയ: സ്പെയിനിലെ വലൻസിയയിൽ നടന്ന ഹൈസ്പീഡ് റേസിംഗ് ഇവന്‍റായ പോർഷെ സ്പ്രിന്‍റ് ചലഞ്ചിനിടെ തമിഴ് സൂപ്പർതാരം അജിത് കുമാറിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു. അജിത്തിന്‍റെ മാനേജർ സുരേഷ് ചന്ദ്ര പങ്കിട്ട ഒരു വീഡിയോയില്‍ അജിത്തിന്‍റെ കാർ മുന്നിലെ നിയന്ത്രണം തെറ്റിയ കാറിന് ഇടിക്കാതിരിക്കാന്‍ തന്‍റെ വാഹനം വെട്ടിയൊടിച്ചപ്പോള്‍ രണ്ട് തവണ കറങ്ങുന്നതും കാണാം. അജിത്ത് കുമാറിന് പരിക്കൊന്നും പറ്റിയില്ലെന്നാണ് വിവരം.അപകടത്തിന്‍റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് സുരേഷ് സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിട്ടുണ്ട്.

“സ്പെയിനിലെ വലെൻസിയയിൽ മത്സരങ്ങളില്‍ ആദ്യ അഞ്ച് റൗണ്ട് അജിത് കുമാറിനെ സംബന്ധിച്ച് മികച്ചതായിരുന്നു. അദ്ദേഹം 14-ാം സ്ഥാനത്തെത്തി. ആറാം റൗണ്ടിലാണ് നിര്‍ഭാഗ്യം ഉണ്ടായത്. അദ്ദേഹത്തിന്‍റെ പിഴവില്‍ അല്ല അപകടം ഉണ്ടായത് എന്നത് വ്യക്തമാണ്. രണ്ടാം തവണയാണ് അപകടം സംഭവിക്കുന്നത്. എന്നാല്‍ പരിക്കില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. സ്ഥിരോത്സാഹം കൊണ്ട് അദ്ദേഹം തിരിച്ചുവരുന്നു. ആശംസകളുടെയും എല്ലാ പ്രാർത്ഥനകൾക്കും നന്ദി. എകെയ്ക്ക് പ്രശ്നങ്ങളൊന്നും ഇല്ല” സുരേഷ് ചന്ദ്രയുടെ പോസ്റ്റ് പറയുന്നു. കാറിനുള്ളിൽ നിന്ന് അജിത്ത് ഈ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്ന വീഡിയോ സുരേഷ് ചന്ദ്ര പങ്കുവച്ചിട്ടുണ്ട്. മറ്റ് വൈറൽ ക്ലിപ്പുകൾ വാഹനം പലതവണ മറിയുന്നതായി കാണിക്കുന്നുണ്ട്. ഈ മാസം ആദ്യം പോർച്ചുഗലിലെ എസ്തോറിലിൽ റേസിംഗ് മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് അജിത് കുമാർ അപകടത്തിൽപ്പെട്ടിരുന്നു. ഭാഗ്യവശാൽ, അദ്ദേഹം പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. ആ അപകടത്തില്‍ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.