ബ്രാംപ്ടൺ: ട്രെയിലറുകളും ചരക്കുകളും മോഷ്ടിച്ചതിനെത്തുടർന്ന് ബ്രാംപ്ടൺ സ്വദേശിയായ മധ്യവയസ്കനെ അറസ്റ്റ് ചെയ്ത് പീൽ റീജിനൽ പൊലീസ്. നാല്പത്തിയൊന്നുകാരനായ മഞ്ജീന്ദർ സിംഗ് ബുറയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബർ മുതൽ 2025 ജനുവരി വരെ ഓൾ ഡെയ്‌സ് ട്രക്കിംഗ് എന്ന കമ്പനി തങ്ങളുടെ ട്രെയിലറുകൾ കാർഗോ സഹിതം മോഷ്ടിച്ചതായി നിരവധി ആളുകൾ പരാതി ഉന്നയിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഓൾ ഡെയ്‌സ് ട്രക്കിംഗ് എന്ന വ്യാജ ഗതാഗത കമ്പനി ഓൺലൈനിൽ സാധനങ്ങൾ വിൽക്കുന്ന ആളുകളെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുകയും അവർക്ക് വിലകുറഞ്ഞ ഷിപ്പിങ് ഡീൽ വാഗ്ദാനം ചെയ്ത് ചരക്ക് മോഷ്ടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബ്രാംപ്ടൺ സ്വദേശിയായ മഞ്ജീന്ദർ സിംഗ് ബുറയും അവരുടെ കമ്പനിയായ ബുറ ലിമിറ്റഡ് ഇൻകോർപ്പറേറ്റഡും മോഷണങ്ങളിൽ പങ്കാളികളാണെന്നും മോഷ്ടിച്ച ട്രെയിലറുകളും ചരക്കുകളും അവരുടെ കൈവശമുണ്ടെന്നും പൊലീസ് കണ്ടെത്തി. 1.5 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ചരക്കുകളാണ് ഇയാൾ മോഷ്ടിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നവർക്ക് കൊമേഴ്‌സ്യൽ ഓട്ടോ ക്രൈം ബ്യൂറോയെ (905) 453-2121 എക്സ്റ്റൻഷൻ 3315 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.