ടൊറന്റോ : പരുക്കേൽക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കാനഡയിൽ കുട്ടികളുടെ കാർ സീറ്റുകൾ തിരിച്ചുവിളിച്ചു. മുൻനിര ഇൻഫാന്റ് കാർ സീറ്റ് നിർമ്മാതാക്കളായ സൈബെക്സ്, ആറ്റൺ ജി സ്വിവൽ എന്നീ കമ്പനികളുടെ കാർ സീറ്റുകളിൽ തകരാറുകൾ കണ്ടതോടെയാണ് കമ്പനികൾ സ്വമേധയാ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. അപകടത്തിൽ സീറ്റിന്റെ ഹാർനെസ് വേർപെട്ട് കുട്ടിക്ക് പരുക്കേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും നിരീക്ഷിച്ചു.
2023 ജൂണിനും 2024 മെയ് മാസത്തിനുമിടയിൽ നിർമ്മിച്ച സെൻസർസേഫ് ഫംഗ്‌ഷനുള്ളവയടക്കം ആയിരത്തി എണ്ണൂറിലധികം ആറ്റൺ ജി സ്വിവൽ കാർ സീറ്റുകളെ തിരിച്ചുവിളിക്കൽ ബാധിക്കുമെന്ന് ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. അതേസമയം, 522004175 , 522004177 , 522004179 , 522004181 , 522004801 , 522004803 എന്നീ മോഡൽ നമ്പറുകളുള്ള സീറ്റുകളാണ് തിരിച്ചു വിളിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നത്.

കുട്ടികൾ കാർ ഉപയോഗിക്കുമ്പോൾ സീറ്റിന്റെ അരികിലൂടെ സ്ലൈഡുചെയ്യുകയോ ചുരണ്ടുകയോ ചെയ്യുമ്പോൾ ഹാർനെസ് ആങ്കറേജ് ഹുക്കുകൾ വളയുകയും പിൻ അഴിഞ്ഞുപോകുകയും ചെയ്യും. ഇത് ഹിപ് ആങ്കറിലെ സീറ്റിൽ നിന്ന് ഹാർനെസ് വേർപെടുന്നതിനും കുട്ടിക്ക് പരുക്കേൽക്കാനുള്ള സാധ്യത വർധിക്കാനും കാരണമാകും.
പ്രശ്നം കണ്ടെത്തിയതോടെ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യ ഉൽപ്പന്ന അപ്‌ഡേറ്റ് കിറ്റ് നൽകാൻ സന്നദ്ധരാണെന്ന് സൈബെക്‌സ് അറിയിച്ചു. ഹാർനെസും ആങ്കർ പിന്നും ലോക്ക് ചെയ്യുന്നതിനുള്ള ഉപകരണവുമടങ്ങിയ കിറ്റ് ഏപ്രിൽ ആദ്യവാരം ലഭ്യമാക്കും. അതേസമയം, ഹാർനെസ് ആങ്കർ റിട്ടൻഷൻ ഹുക്കുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും ആശങ്കകളുണ്ടെങ്കിൽ ഉടൻ കമ്പനിയുമായി ബന്ധപ്പെടാനും സൈബെക്സ് ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

സൗജന്യ ഉൽപ്പന്ന അപ്‌ഡേറ്റ് കിറ്റ് അഭ്യർത്ഥിക്കുന്നതിനും തിരിച്ചുവിളിക്കൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഉപഭോക്താക്കൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ 1-877-242-5676 എന്ന നമ്പറിൽ സൈബെക്‌സിൽ ബന്ധപ്പെടാം.
അതേസമയം, തകരാറുമായി ബന്ധപ്പെട്ട പരുക്കുകളെക്കുറിച്ച് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹെൽത്ത് കാനഡ പറയുന്നു.