ഓട്ടവ : രാജ്യതലസ്ഥാനത്തെ റൂറൽ സൗത്ത് എൻഡിൽ ഒരു സ്കൂൾ ബസും രണ്ട് പിക്കപ്പ് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ ഏഴരയോടെ മാനോട്ടിക്ക് സ്റ്റേഷൻ റോഡിന് സമീപമുള്ള മിച്ച് ഓവൻസ് റോഡിലാണ് അപകടം. കൂട്ടിയിടി സമയത്ത് സ്കൂൾ ബസിൽ വിദ്യാർത്ഥികളൊന്നും ഇല്ലായിരുന്നു.

ഒരു പിക്കപ്പ് ട്രക്കിലെ രണ്ടു പേർക്കും രണ്ടാമത്തെ പിക്കപ്പ് ട്രക്കിലെ ഒരാൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഓട്ടവ പാരാമെഡിക് വക്താവ് അറിയിച്ചു. സ്‌കൂൾ ബസ് ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റു. ഇയാളെ സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി വിട്ടയച്ചു. അന്വേഷണത്തെ തുടർന്ന് ബോവ്‌സ്‌വിൽ റോഡിനും മാനോട്ടിക് സ്റ്റേഷൻ റോഡിനുമിടയിൽ മിച്ച് ഓവൻസ് റോഡ് അടച്ചു. അന്വേഷണം പുരോഗമിക്കുന്നു.