വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ തീരത്ത് വീണ്ടും ഭൂചലനം. വൻകൂവർ ദ്വീപിലെ പോർട്ട് ആലീസിന് വെസ്റ്റ് മേഖലയിൽ തിങ്കളാഴ്ച്ച രാത്രിയാണ് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ, സുനാമി സാധ്യതയില്ലെന്നും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എമർജൻസി ഇൻഫോ ബിസി അറിയിച്ചു.

വെള്ളിയാഴ്ച്ച സെചെൽറ്റിന് നോർത്ത് ഈസ്റ്റ് ഭാഗത്തായി 4.7 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടർന്ന് നാല് ദിവസത്തിന് ശേഷമാണ് വീണ്ടും പ്രവിശ്യയിൽ ഭൂചലനം ഉണ്ടാകുന്നത്. സൺഷൈൻ കോസ്റ്റ്, മെട്രോ വൻകൂവർ, വൻകൂവർ ദ്വീപ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തെ തുടർന്ന് നിരവധി ചെറിയ തുടർചലനങ്ങൾ ഉണ്ടായെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.