വാഷിങ്ടണ്‍: ഫെഡറല്‍ ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്കാരില്‍ നിന്നും പിഴ ഈടാക്കാനും ജയില്‍ ശിക്ഷ നല്‍കാനും നിര്‍ദേശം. ചൊവ്വാഴ്ച ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
നമ്മുടെ മാതൃരാജ്യത്തിന്റെയും എല്ലാ അമേരിക്കക്കാരുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി നമ്മുടെ രാജ്യത്ത് ആരൊക്കെയുണ്ടെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. അതിനായി എല്ലാ ഇമിഗ്രേഷന്‍ നിയമങ്ങളും ട്രംപ് ഭരണകൂടം നടപ്പിലാക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു.

30 ദിവസമോ അതില്‍ കൂടുതലോ യുഎസില്‍ തുടരുന്ന 14 വയസ്സിന് മുകളിലുള്ള എല്ലാ കുടിയേറ്റക്കാരും രജിസ്റ്റര്‍ ചെയ്യുകയും വിരലടയാളം രേഖപ്പെടുത്തുകയും ചെയ്യണമെന്നാണ് നിയമം. ഒരു കുടിയേറ്റക്കാരന്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍, ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് രജിസ്‌ട്രേഷന്റെ തെളിവുകള്‍ നല്‍കും, അത് 18 വയസ്സിന് മുകളിലുള്ള കുടിയേറ്റക്കാര്‍ എല്ലായ്പ്പോഴും കൈവശം വെക്കേണ്ടതുമാണ്.