റെജൈന : സസ്കാച്വാനിൽ എല്ലാ കടകളിൽ നിന്നും അമേരിക്കൻ മദ്യം പിൻവലിക്കണമെന്ന ആവശ്യമുയർത്തി എൻഡിപി. അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പ്രതികാര
നടപടിയായാണ് എൻഡിപിയുടെ നീക്കം. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകൾ ഇതിനകം ഈ നടപടി സ്വീകരിച്ചുകഴിഞ്ഞു. എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ചൊവ്വാഴ്ച മുതൽ 25% തീരുവ ചുമത്തുമെന്നും സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 100% തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. കനേഡിയൻ ഊർജ്ജ ഉൽപ്പന്നങ്ങൾക്കും 10% കുറവ് തീരുവ ബാധകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സസ്കാച്വാൻ മുൻപും ഇത്തരത്തിൽ വിദേശ മദ്യ ഉൽപ്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2022-ൽ റഷ്യ യുക്രൈനെ ആക്രമിച്ചതിന് പിന്നാലെ പ്രവിശ്യയിലുടനീളം എല്ലാ റഷ്യൻ മദ്യവും നിരോധിക്കാൻ തീരുമാനിച്ചിരുന്നു. അതേസമയം പല യുഎസ് സംസ്ഥാനങ്ങളും കാനഡയിലേക്ക് മദ്യം കയറ്റുമതി ചെയ്യുന്നുണ്ടെന്ന് എൻഡിപി ലീഡർ കാർല ബെക്ക് പറഞ്ഞു.