റെജൈന : മാർച്ച് 12 ന് സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് പ്രഖ്യാപിച്ച താരിഫ് നിലവിൽ വരാനിരിക്കെ ആശങ്കയറിയിച്ച് സസ്കാച്വാൻ. തീരുവ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ നേരിടാൻ സസ്കാച്വാനിലെ ബ്രൂവറികൾ തയ്യാറെടുത്തതായി
റെജൈന റെബലിയൻ ബ്രൂയിംഗിന്റെ പ്രസിഡന്റും സിഇഒയുമായ മാർക്ക് ഹൈസ് പറഞ്ഞു.

സസ്കാച്വാൻ അസംസ്കൃത അലുമിനിയത്തിന്റെ ഉല്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രവിശ്യയാണ്. എന്നാൽ യു എസ് താരിഫ് നിലവിൽ വരുന്നതോടെ ഈ ഉല്പാദനത്തെ സാരമായി ബാധിക്കും. പല ബ്രൂവറികളും ഉല്പാദനത്തിനാവശ്യമായ ക്യാനുകൾ യുഎസിൽ നിന്നാണ് ശേഖരിക്കുന്നത്. ഞങ്ങൾ നിലവിൽ യുഎസിൽ നിന്ന് ടിന്നുകൾ വാങ്ങുകയും സോഴ്‌സ് ചെയ്യുകയും ചെയ്യുന്നു, അതിനാൽ സ്റ്റീൽ അലുമിനിയം ഉത്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തിയാൽ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഹൈസ് കൂട്ടിച്ചേർത്തു.
അതേസമയം സസ്കാച്വാനിൽ എല്ലാ കടകളിൽ നിന്നും അമേരിക്കൻ മദ്യം നിരോധിക്കണമെന്ന ആവശ്യമുയർത്തി എൻഡിപി രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പ്രതികാര നടപടിയായാണ് എൻഡിപിയുടെ നീക്കം. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകൾ ഇതിനകം ഈ നടപടി സ്വീകരിച്ചുകഴിഞ്ഞു.