വാഷിങ്ടൻ∙ യുഎസ് വിദ്യാഭ്യാസ സെക്രട്ടറിയായി വേൾഡ് റെസ്‌ലിങ് എന്റർടെയ്ൻമെന്റ് (ഡബ്ല്യുഡബ്ല്യുഇ) മുൻ സിഇഒ ലിൻഡ മക്മഹോണിനെ സെനറ്റ് നിയമിച്ചു. കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാഴ്ചപ്പാടുകളെ അംഗീകരിച്ചുകൊണ്ടാണ് ലിൻഡ സെനറ്റ് കമ്മിറ്റിയോടു സംസാരിച്ചത്. കേന്ദ്രീകരണം വിദ്യാഭ്യാസത്തിനു ദോഷകരമാണെന്നും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു ധനസഹായം നൽകുക എന്നതുമാത്രമാണു പ്രതിവിധിയെന്നും ലിൻഡ പറഞ്ഞു. വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകി വികേന്ദ്രീകരണം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

വേൾഡ് റെസ്‌ലിങ് എന്റർടൈൻമെന്റ് സഹസ്ഥാപകയാണ് എഴുപത്തിയഞ്ചുകാരിയായ ലിൻഡ മക്മഹോണ്‍. 1980 മുതൽ 2009 വരെ ഡബ്ല്യുഡബ്ല്യുഇയുടെ പ്രസിഡന്റും സിഇഒയും ആയി പ്രവർത്തിച്ചു. ദീർഘകാലമായി ഡോണൾഡ് ട്രംപിന്റെ അനുയായിയാണ് ലിൻഡ. സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷന്‍റെ മേധാവിയായി ട്രംപിന്‍റെ ആദ്യ പ്രസിഡന്റ് കാലത്ത് ലിൻഡ പ്രവർത്തിച്ചിട്ടുണ്ട്. ഡബ്ല്യുഡബ്ല്യുഇയിൽ നിർണായക സ്വാധീനമായ വിൻസ് മക്മഹോണിന്റെ ഭാര്യയാണ്.