കുവൈത്ത് സിറ്റി : റമദാൻ മാസത്തിൽ പിടിക്കപ്പെടുന്ന വിദേശ യാചകരെ നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പിടികൂടുന്ന വിദേശികളെ നിയമനടപടികൾക്ക് വിധേയമാക്കിയ ശേഷമാകും നാടുകടത്തുകയെന്നും മന്ത്രാലയം അറിയിച്ചു. മാളുകൾ, കച്ചവട കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യാചകരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി ശക്തമാക്കുന്നത്.

ഇത്തരം പ്രവണതകൾ രാജ്യത്ത് വച്ചുപൊറുപ്പിക്കില്ലെന്നും ഇവരെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. യാചകരുടെ സ്പോൺസർമാർക്കെതിരെയും കർശന നടപടിയുണ്ടാകും. രാജ്യത്തെ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് നിരവധി ചാരിറ്റി അസോസിയേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യക്കാർ അവരെ സമീപിക്കുകയാണ് വേണ്ടതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.