കിച്ചനർ: വാട്ടർലൂ ഹൈസ്കൂളിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഫെബ്രുവരി 11 ന് ലോറൽ ഹൈറ്റ്സ് ഹൈസ്കൂളിൽ നടന്ന കായിക പരിപാടിക്കിടയിലാണ് ആക്രമണം. ആറ് യുവാക്കൾ സ്കൂളിലേക്ക് എത്തുകയും നിരവധി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. അതേസമയം ഈ യുവാക്കൾ ലോറൽ ഹൈറ്റ്സ് വിദ്യാർത്ഥികളല്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

സംഭവത്തിൽ മാർച്ച് 3 ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള രണ്ട് പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 519-570-9777 എന്ന നമ്പറിലോ, ക്രൈം സ്റ്റോപ്പേഴ്‌സിനെയോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.