ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. തോറ്റ മത്സരത്തിലും ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍ സ്മിത്തായിരുന്നു.

2010ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓള്‍റൗണ്ടറായി അരങ്ങേറ്റം കുറിച്ച സ്മിത്ത് 170 ഏകദിനങ്ങള്‍ കളിച്ചു. 43.28 ശരാശരിയില്‍ 5800 റണ്‍സ് നേടി. 12 സെഞ്ചുറികളും 35 അര്‍ദ്ധ സെഞ്ചുറികളും നേടിയ താരം 28 വിക്കറ്റുകളും സ്വന്തമാക്കി. ഓസ്‌ട്രേലിയ ലോകകപ്പ് ജോതാക്കളായ 2015, 2023 വര്‍ഷങ്ങളിലെ ടീമില്‍ അംഗമായിരുന്നു.
ഇതൊരു മികച്ച യാത്രയായിരുന്നു, അതിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. അതിശയകരമായ നിരവധി സമയങ്ങളും അത്ഭുതകരമായ ഓര്‍മ്മകളും ഉണ്ടായിട്ടുണ്ട്. രണ്ട് ലോകകപ്പുകള്‍ നേടിയത് ഒരു മികച്ച ഹൈലൈറ്റായിരുന്നു, ഒപ്പം യാത്ര പങ്കിട്ട നിരവധി മികച്ച ടീം അംഗങ്ങളും. ഈ വര്‍ഷം ജൂണില്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ പ്രാധാന്യത്തോടെ കാണുന്നുവെന്നും സ്മിത്ത് പറഞ്ഞു.
2027 ലെ ലോകകപ്പിനായി തയ്യാറെടുക്കാന്‍ ആളുകള്‍ക്ക് ഇപ്പോള്‍ ഒരു മികച്ച അവസരമാണ്, അതിനാല്‍ വഴിമാറാന്‍ ഇതാണ് ശരിയായ സമയമെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴും ഒരു മുന്‍ഗണനയാണ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും, ശൈത്യകാലത്ത് വെസ്റ്റ് ഇന്‍ഡീസിനും, തുടര്‍ന്ന് സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനുമെതിരെയും ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ വേദിയില്‍ എനിക്ക് ഇനിയും ഒരുപാട് സംഭാവനകള്‍ നല്‍കാനുണ്ടെന്ന് എനിക്ക് തോന്നുന്നുവെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഏകദിനത്തില്‍നിന്നുമാത്രം വിരമിച്ച സ്മിത്ത്, ടി20, ടെസ്റ്റ് ക്രിക്കറ്റുകളില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. മൈക്കല്‍ ക്ലാര്‍ക്ക് വിരമിച്ചശേഷം ഓസ്‌ട്രേലിയയെ 64 ഏകദിന മത്സരങ്ങളില്‍ നയിച്ചു. ഇതില്‍ 32 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ പന്ത്രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. പാറ്റ് കമിന്‍സിന് പരിക്കായതിനാല്‍ ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ സ്മിത്തായിരുന്നു.