എഡ്മിന്റൻ : ഉപയോഗിക്കാത്ത പിപിഇ കിറ്റുകളും ടർക്കിഷ് വേദന മരുന്നുകളും അടങ്ങിയ വെയർഹൗസിനെക്കുറിച്ചുള്ള വിഡിയോ പുറത്തു വന്നതോടെ ആൽബർട്ട സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. അമിത വില നൽകി സാധനങ്ങൾ സംഭരിച്ച യുസിപി സർക്കാർ അത് ഉപയോഗിക്കാത്തതിലൂടെ ദശലക്ഷക്കണക്കിന് ഡോളർ നഷ്ടം വരുത്തിവച്ചതായി ആൽബർട്ട എൻഡിപി ആരോപിച്ചു. ഉപയോഗിക്കാത്ത പിപിഇ കിറ്റുകളും ടർക്കിഷ് വേദന മരുന്നുകളും സൂക്ഷിക്കാൻ സർക്കാർ 50 ലക്ഷം ഡോളറിലധികം ചിലവഴിച്ചതായി പ്രതിപക്ഷ നേതാവ് ക്രിസ്റ്റീന ഗ്രേ വിമർശിച്ചു. ഇവയുടെ ആയിരക്കണക്കിന് പാലറ്റുകളാണ് വെയർഹൗസിൽ ഉണ്ടായിരുന്നതെന്ന് വിഡിയോ വ്യക്തമാക്കുന്നു.
2022-ൽ കോവിഡ്-19 പാൻഡെമിക് കാലത്ത് വാങ്ങിയ ടർക്കിഷ് വേദന സംഹാരി ശിശുക്കളിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആൽബർട്ടയിലെ ആശുപത്രികളിൽ അവയുടെ ഉപയോഗം നിർത്തിയത്. എന്നാൽ, ഈ മരുന്ന് ഇപ്പോഴും വിദേശത്ത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും കാലഹരണപ്പെടുന്നതിന് മുമ്പ് യുക്രെയ്നിലേക്ക് അയയ്ക്കാൻ പദ്ധതിയിടുന്നതായും ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രേഞ്ച് മരുന്ന് സംഭരിച്ചതിനെ ന്യായീകരിച്ച് പറഞ്ഞു.

വിഷയത്തിൽ പൊതുവായ അന്വേഷണം വേണമെന്ന് ആൽബർട്ട എൻഡിപി ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ അന്വേഷണമെന്ന് ആവശ്യം നിരസിച്ചു. പകരം ഒരു മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ പരിമിതമായ അന്വേഷണം നടത്താമെന്ന് പ്രതികരിച്ചു.