ബ്രസീലിയ : സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് യുഎസ് ഏർപ്പെടുത്തിയ തീരുവകൾക്കെതിരെ രാജ്യം ഉടനടി പ്രതികാരം ചെയ്യില്ലെന്ന് ബ്രസീൽ ധനമന്ത്രി ഫെർണാണ്ടോ ഹഡാഡ്. പകരം യുഎസ് സർക്കാരുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വർധിപ്പിച്ച തീരുവ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് കാനഡയിൽ നിന്നും യൂറോപ്പിൽ നിന്നും ദ്രുതഗതിൽ പ്രതികാര നടപടികൾ ഉണ്ടായത്. യുഎസ് സ്റ്റീൽ ഇറക്കുമതിയുടെ ഏറ്റവും വലിയ സ്രോതസ്സുകളിലൊന്നായ ബ്രസീൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും സാമ്പത്തിക സംയോജനത്തിന്റെയും ചരിത്രം ചൂണ്ടിക്കാട്ടി.

താരിഫ് നയത്തെക്കുറിച്ച് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കുമായി ബ്രസീൽ വൈസ് പ്രസിഡന്റ് ജെറാൾഡോ ആൽക്മിൻ കഴിഞ്ഞ ആഴ്ച ചർച്ച നടത്തിയിരുന്നു. ഇരു സർക്കാരുകളും തമ്മിലുള്ള ബന്ധം തുടരാനും അവർ ധാരണയിലെത്തി. 2018-ൽ ബ്രസീൽ മുൻപത്തെ ട്രംപ് ഭരണകൂടവുമായി ഉണ്ടാക്കിയ ക്വാട്ട സിസ്റ്റം കരാർ പ്രകാരം യുഎസിലേക്ക് 35 ലക്ഷം ടൺ വരെ സെമി-ഫിനിഷ്ഡ് സ്റ്റീൽ കയറ്റുമതി ചെയ്യാൻ അനുമതിയുണ്ട്.