ഓട്ടവ : കാനഡയുടെ ഇരുപതിനാലാമത് പ്രധാനമന്ത്രിയായി ലിബറൽ ലീഡർ മാർക്ക് കാർണി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ ജനറൽ മേരി സൈമണുമായി രാവിലെ 11 മണിക്ക് റിഡ്യൂ ഹാളില്‍ കൂടിക്കാഴ്ച നടത്തും. കാനഡയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, പിഎംഒ സ്റ്റാഫ്, യുഎസിലെ കാനഡ അംബാസഡർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ഇതിനകം കൂടിക്കാഴ്ച നടത്തിവരികയാണ്.
കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കുകയും വ്യാപാരത്തിനായുള്ള പൊതുവായ സമീപനത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറാവുകയും ചെയ്യുകയാണെങ്കിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് കാർണി വ്യക്തമാക്കി. ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനവും ലിബറൽ ലീഡർ പദവും രാജി വച്ച ഒഴിവിലേക്കാണ് വൻ ഭൂരിപക്ഷത്തോടെ മാർക്ക് കാർണി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, സ്റ്റീൽ, അലൂമിനിയം ഇറക്കുമതികൾക്ക് ട്രംപ് 25% തീരുവ ചുമത്തിയ സാഹചര്യത്തിൽ, 2980 കോടി ഡോളറിന്റെ പ്രതികാര തീരുവ ചുമത്തിയിരിക്കുകയാണ് കാനഡ. കമ്പ്യൂട്ടറുകൾ, സ്‌പോർട്‌സ് ഉപകരണങ്ങൾ തുടങ്ങിയ യുഎസ് ഉൽപ്പന്നങ്ങൾ ലക്ഷ്യമിട്ടാണ് നീക്കം.

ലെഗറിന്റെ പുതിയ സർവേ പ്രകാരം ലിബറലുകളും കൺസർവേറ്റീവുകളും വോട്ടർമാരുടെ പിന്തുണയിൽ ഒപ്പത്തിനൊപ്പമാണ്. ഇരു പാർട്ടികൾക്കും 37% വോട്ടുകൾ ലഭിക്കുമെന്ന് സർവേ ഫലങ്ങൾ പറയുന്നു. മാർച്ച് 24 ന് പാർലമെന്റ് പുനരാരംഭിക്കുന്നതിന് മുമ്പ് മാർക്ക് കാർണി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.