ടൊറന്റോ : മാര്‍ക്കമില്‍ 16 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയ സംഭവത്തില്‍ 17 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ഹാമില്‍ട്ടണ്‍ സ്വദേശി മുഹമ്മദ് ഹസ്സന്‍ ചൗധരി, 17 വയസ്സുള്ള കുട്ടിക്കുമെതിരെയാണ് യോര്‍ക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ സ്വത്തിന് നാശനഷ്ടം വരുത്തല്‍, വാഹന മോഷണം എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തി.

ജനുവരി 27-ന് പുലര്‍ച്ചെ 5 മണിയോടെ ഗ്രീന്‍ ലെയ്ന്‍, ഗാര്‍ഡ്‌സ്മാന്‍ റോഡ് എന്നിവിടങ്ങളിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് യോര്‍ക്ക് പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. തുടര്‍ന്ന് 16 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ഒരു ആക്സിലറന്റ് ഉപയോഗിച്ചതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തീപിടുത്തത്തില്‍ ആകെ മൂന്ന് ലക്ഷത്തിലധികം ഡോളറിന്റെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. തീപിടുത്തവുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്ന ഒരു വാഹനം ടൊറന്റോയിലെ മിഡ്‌ലാന്‍ഡ്-ലോറന്‍സ് അവന്യൂ ഈസ്റ്റില്‍ നിന്ന് മോഷ്ടിച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
തുടര്‍ന്ന് ടൊറന്റോ പൊലീസിന്റെ സഹായത്തോടെ, തീപിടുത്തവുമായി ബന്ധപ്പെട്ട രണ്ട് പേര്‍ ഉള്‍പ്പെടെ നാല് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തുകയും വാഹന മോഷണം നടത്താന്‍ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണം കണ്ടെടുക്കുകയും ചെയ്തു.