പോര്‍ട്ട് ലൂയിസ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മൗറീഷ്യസിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൗറീഷ്യസ് പരമോന്നത പുരസ്‌കാരം, ദ ഗ്രാന്റ് കമാന്റര്‍ ഓര്‍ഡര്‍ ഓപ് ദ സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദ ഇന്ത്യന്‍ ഓഷ്യന്‍ പുരസ്‌കാരം നല്‍കി ആദരിച്ച് രാജ്യം. പുരസ്‌കാരം ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി മോദി അറിയിച്ചു.ഇന്ത്യയുടെ സമ്മാനമായി ഗംഗാജലവും ബിഹാറിന്റെ വിശിഷ്ട ഭക്ഷണമായ മഖാനയും മോദി മൗറീഷ്യസ് പ്രധാനമന്ത്രിക്കും പ്രസിഡന്റിനും നൽകി. കൂടാതെ മൗറീഷ്യസ് ജനതയെ അഭിസംബോധന ചെയ്ത് മോദി സംസാരിച്ചു.

പത്തുവര്‍ഷം മുമ്പ് ഇതേ ദിനത്തിലാണ് അദ്ദേഹം മൗറീഷ്യസ് സന്ദര്‍ശിച്ചത്. ഹോളി ആഘോഷിച്ച് ഒരാഴ്ച കഴിഞ്ഞ്… ഇത്തവണ ഹോളിനിറങ്ങളുമായാണ് ഞാന്‍ ഇന്ത്യയിലേക്ക് തിരിക്കുക’ -പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെ ഇന്ത്യന്‍ ജനതയെ നോക്കി കൈകൂപ്പിക്കൊണ്ട് പറഞ്ഞു.നമ്മള്‍ ഒരു കുടുംബം പോലെയാണെന്ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്തുകൊണ്ട് മോദി പറഞ്ഞു. ‘സമാന വികാരത്തോടെ പ്രധാനമന്ത്രി നവിന്‍ചന്ദ്ര രംഗൂലവും മറ്റുള്ളവരും ഇവിടെ സന്നിഹിതരായിരിക്കുന്നു. ഞാന്‍ നിങ്ങളെല്ലാവരെയും സ്വാഗതം ചെയ്യുന്നു’- മോദി പറഞ്ഞു.

മൗറീഷ്യസ് ജനതയും സര്‍ക്കാറും അവരുടെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി തനിക്ക് നല്‍കാന്‍ തീരുമാനിച്ചുവെന്നും ഏറെ ആദരവോടെയും വിനയത്തോടെയും ഈ തീരുമാനത്തെ സ്വീകരിക്കുന്നതായും മോദി പറഞ്ഞു. ‘ഇത് എനിക്കുള്ള അംഗീകാരമല്ല, ഇന്ത്യയും മൗറീഷ്യസുമായുള്ള ചരിത്രപരമായ ബന്ധത്തിനുള്ള അംഗീകാരമാണ്’ – മോദി പറഞ്ഞു. അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നവേളയില്‍ ഇന്ത്യയില്‍ ആഘോഷങ്ങളുണ്ടായപ്പോള്‍ മൗറീഷ്യസിലും സമാനമായ ആഘോഷങ്ങള്‍ തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.