റെജൈന : അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ക്വീൻ സിറ്റിയിലെ റെജൈന ഫോക്ക് ഫെസ്റ്റിവൽ റദ്ദാക്കി. സാമ്പത്തിക സമ്മർദ്ദങ്ങൾ രൂക്ഷമായതാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ബോർഡ് അറിയിച്ചു. ഫണ്ടിങ് സ്തംഭനം, വർധിച്ചു വരുന്ന ചിലവുകൾ, ടിക്കറ്റ് വിൽപ്പന കുറയൽ എന്നിവ മറികടക്കാനാവാത്ത തടസ്സങ്ങളായി സംഘാടകർ ചൂണ്ടിക്കാട്ടി.
വടക്കേ അമേരിക്കയിലുടനീളമുള്ള സംഗീതോത്സവങ്ങളെ ബാധിക്കുന്ന പ്രവണതയുടെ ഭാഗമാണ് റദ്ദാക്കൽ നടപടിയെന്ന് സംഗീത രംഗത്തെ വിദഗ്ദൻ എറിക് ആൽപ്പർ അഭിപ്രായപ്പെടുന്നു. ചിലവുകൾ വർധിക്കുന്നതടക്കമുള്ള ഘടകങ്ങൾ കാരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നൂറുകണക്കിന് സംഗീതോത്സവങ്ങൾ മുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

ഫെസ്റ്റിവലിലൂടെ മുൻ കാലങ്ങളിൽ നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാൻ സാധിച്ചിരുന്നു. കൂടാതെ, നൂറുകണക്കിന് ആളുകൾക്ക് റെജൈന ഫോക്ക് ഫെസ്റ്റിവൽ തൊഴിൽ നൽകുകയും ചെയ്തിരുന്നു. അതിനാൽത്തന്നെ, ഫെസ്റ്റിവൽ റദ്ദാക്കുന്നത് നഗരത്തിന് സാമ്പത്തികമായും സാംസ്കാരികമായും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
ഇതിനകം ടിക്കറ്റുകൾ വാങ്ങിയവർ അടുത്ത പ്രവൃത്തി ദിവസങ്ങളിൽ റീഫണ്ടിനായി ഇ-മെയിൽ അയക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.