മുംബൈ : രാജ്യത്ത് സ്റ്റാർലിങ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി എയർടെൽ. ഇതിനായി ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി കരാർ ഒപ്പുവെച്ചതായി ഭാരതി എയർടെൽ ഓഹരിവിപണിയെ അറിയിച്ചു.എയർടെലും സ്‌പേസ് എക്‌സും സ്റ്റാർലിങ്ക് ഉപകരണങ്ങൾ എയർടെൽ റീറ്റെയിൽ സ്റ്റോർ വഴി നൽകുമെന്ന് കമ്പനി വ്യക്തമാക്കി.ബിസിനസ് ഉപഭോക്താക്കൾക്കും, കമ്മ്യൂണിറ്റികൾക്കും, സ്‌കൂളുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും, ഗ്രാമപ്രദേശങ്ങളിലുമെല്ലാം സേവനങ്ങൾ ലഭ്യമാക്കാൻ ഈ കരാർ സഹായിക്കുമെന്ന് എയർടെൽ അധികൃതർ അറിയിച്ചു.

അതേസമയം സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതിന് സ്‌പേസ് എക്‌സിന് ഒട്ടേറെ കടമ്പകൾ കടക്കാനുണ്ട്. വിവിധ നിയന്ത്രണ ഏജൻസികളുടെ അനുമതി ലഭ്യമായിട്ടില്ല. 2022 ഒക്ടോബറിലാണ് സ്റ്റാർ ലിങ്ക് ജി.എം.പി.സി.എസ് ലൈസൻസിനായി അപേക്ഷിച്ചത്. കരാർ ഒപ്പിട്ടതിനാൽ ഇനി ട്രയൽ സ്‌പെക്‌ട്രം സ്വന്തമാക്കി പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകേണ്ടത്. ഇന്ത്യയിലെ ഏത് കോണിലും ലോകനിലവാരമുള്ള അതിവേഗ ഇന്റർനെറ്റ് ലഭിക്കാനും ഓരോ വ്യക്തിക്കും, ബിസിനസിനുമടക്കം വിശ്വാസയോഗ്യമായ ഇന്റർനെറ്റ് സേവനം ലഭിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ഭാരതി എയർടെൽ എംഡിയും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു.

കഴിഞ്ഞവർഷം ഇന്ത്യയിൽ സ്‌പേസ് എക്‌സിന്റെ അതിവേഗ ഇന്റർനെറ്റ് സ്റ്റാർലിങ്ക് ഇന്ത്യയിൽ കൊണ്ടുവരാൻ പദ്ധതിയിടുന്നതായി മസ്‌ക് വ്യക്തമാക്കിയിരുന്നു. പിന്നാലെ മസ്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്‌ചയിലാണ് സ്റ്റാർ ലിങ്കിന്റെ ഇന്ത്യൻ വിപണി പ്രവേശനത്തിന് ധാരണയായത്. രാജ്യത്ത് ഇന്റർനെറ്റ് ലഭ്യത വ്യാപിപ്പിക്കാൻ സ്‌പേസ് എക്‌സുമായുള്ള സഹകരണം സഹായകമാകുമെന്ന് എയർടെൽ പ്രതീക്ഷ പ്രകടിപ്പിച്ചു. കൂടാതെ എയർടെലിന്റെ പശ്ചാത്തലസൗകര്യങ്ങൾ സ്‌പേസ് എക്‌സിനും മുതൽക്കൂട്ടാകും.