ഓട്ടവ : താരിഫ് യുദ്ധം കാനഡയിലെ അഗ്നിശമന സേനയ്ക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി കനേഡിയൻ അസോസിയേഷൻ ഓഫ് ഫയർ ചീഫ്‌സ്. യുഎസ് താരിഫുകൾക്കുള്ള 30 ദിവസത്തെ ഇളവ് ഏപ്രിൽ 2 ന് അവസാനിക്കാനിരിക്കെ, ക്രിട്ടിക്കൽ എമർജൻസി ഉപകരണങ്ങൾ സംഭരിക്കുന്നതിന് കനേഡിയൻ ഫയർ ഡിപ്പാർട്മെന്റ്സ് തിരക്ക് കൂട്ടുകയാണ്. താരിഫ് യുദ്ധം അഗ്നിശമന സേവനങ്ങളെ സാരമായി ബാധിക്കുമെന്നും അവശ്യ ഉപകരണങ്ങൾ വാങ്ങുന്നതിന് വെല്ലുവിളിയാകുമെന്നും കനേഡിയൻ അസോസിയേഷൻ ഓഫ് ഫയർ ചീഫ്‌സ് പ്രസിഡന്റ് കെൻ മക്മുള്ളൻ അറിയിച്ചു.

60% ഫയർ ഡിപ്പാർട്മെന്റ്സും അവശ്യ ഉപകരണങ്ങൾ വാങ്ങുന്നതും പരിശീലനവും ഇതിനകം തന്നെ മാറ്റിവച്ചിരിക്കുകയാണ്. കാനഡയിലെ 20% ഫയർ ഡിപ്പാർട്മെന്റ്സും വ്യവസായ മാനദണ്ഡങ്ങൾ പാലിക്കാത്ത കാലഹരണപ്പെട്ട ഉപകരണങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ഒന്ന് മുതൽ നാല് വർഷം വരെ എടുത്ത് വാങ്ങിയിരുന്ന വലിയ ഫയർ ട്രക്കുകൾ പോലുള്ള ഉപകരണങ്ങൾ വാങ്ങാൻ ഒരു മാസത്തെ സാവകാശം മതിയാവില്ലെന്നും സേന പറയുന്നു. ഫയർ സേഫ്റ്റിക്കും പെട്ടെന്നുള്ള പ്രതികരണങ്ങൾക്കുമായി നാഷണൽ ഫയർ അഡ്മിനിസ്ട്രേഷൻ രൂപീകരിക്കാൻ ശ്രമം നടത്തി വരികയാണെന്നും കനേഡിയൻ അസോസിയേഷൻ ഓഫ് ഫയർ ചീഫ്സ് വ്യക്തമാക്കി.