വാഷിങ്ടന്‍: കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വകുപ്പിലെ പകുതിയോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. ഇവര്‍ക്ക് ജൂണ്‍ 9 വരെയുള്ള ശമ്പളം ലഭിക്കുമെന്ന് യുഎസ് വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹോണ്‍ പറഞ്ഞു. വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കി വികേന്ദ്രീകരണം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.

ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ഷിക്കാഗോ, ക്ലീവ്ലാന്‍ഡ് തുടങ്ങിയ നഗരങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് പാട്ടത്തിനെടുത്ത കെട്ടിടങ്ങളുടെ കരാറും അവസാനിപ്പിച്ചു. സ്‌കൂളുകള്‍ക്ക് നല്‍കുന്ന ധനസഹായം, ഗ്രാന്റ് എന്നിവ തുടരുമെന്നും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
”കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 4,100 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി 600 പേര്‍ രാജിവയ്ക്കും. മാര്‍ച്ച് 21 മുതല്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുന്ന 1300-പേര്‍ക്ക് അനുകൂല്യങ്ങള്‍ ലഭിക്കും”-മക്മഹോണ്‍ പറഞ്ഞു.