ഓട്ടവ : കാനഡയിലേക്ക് മനുഷ്യക്കടത്ത് നടത്തിയതിന് യുഎസ് ബസ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്ത് ആർസിഎംപി. 36 വയസ്സുള്ള ന്യൂയോർക്ക് നിവാസിയും 35 വയസ്സുള്ള ന്യൂജേഴ്‌സി സ്വദേശിയും ചേർന്ന് മൂന്ന് മാസത്തിനിടെ അൻപതിലധികം കുടിയേറ്റക്കാരെ ബസിൽ കാനഡയിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിച്ചതായി ആർസിഎംപി വാർത്താക്കുറിപ്പിൽ അറിയിച്ചു. 2023 സെപ്റ്റംബറിൽ കെബെക്കിലെ സെന്റ്-ബെർണാർഡ്-ഡി-ലാക്കോൾ അതിർത്തി ക്രോസിങ്ങിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഒരാൾ മനുഷ്യക്കടത്ത് സംഘത്തിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കാനഡയിലേക്കുള്ള അനധികൃത പ്രവേശന ശ്രമം, ഗൂഢാലോചന, കാനഡ ബോർഡർ സർവീസസ് ഏജൻസിയിലെ ജീവനക്കാരന് കൈക്കൂലി നൽകാൻ ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ് ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ ആക്ടിലെ സെക്ഷൻ 117 പ്രകാരം ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അന്വേഷണം പുരോഗമിക്കുന്നു.