വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഭാര്യ ഉഷാ വാന്‍സും ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നികുതി ചുമത്തലുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടന്നുവരുന്നതിന് ഇടയിലാണ് യു.എസ് വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനം.
ഫ്രാന്‍സ്, ജര്‍മ്മനി സന്ദര്‍ശനത്തിന് ശേഷം, വൈസ് പ്രസിഡന്റ് എന്ന നിലയില്‍ വാന്‍സിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര യാത്രയാണിത്. ആദ്യ വിദേശ സന്ദര്‍ശന വേളയില്‍, നിയമവിരുദ്ധ കുടിയേറ്റം, മതസ്വാതന്ത്ര്യം, തിരഞ്ഞെടുപ്പ് സമഗ്രത എന്നിവയെക്കുറിച്ച് യൂറോപ്യന്‍ സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ സംസാരിച്ചത് ചര്‍ച്ചയായിരുന്നു.

അതേസമയം സെക്കന്‍ഡ് ലേഡി എന്ന നിലയില്‍ ഉഷ ആദ്യമായാണ് തന്റെ മാതാപിതാക്കളുടെ രാജ്യം സന്ദര്‍ശിക്കുന്നത്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഉഷ വാന്‍സിന്റെ മാതാപിതാക്കള്‍. ആന്ധ്രാപ്രദേശിലെ വട്ലൂരില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഉഷ ചിലുകുറി എന്ന ഉഷ വാന്‍സ്. യെയ്ല്‍ സര്‍വകലാശാലയില്‍ വെച്ചാണ് ജെ.ഡി. വാന്‍സും ഉഷയും പരിചയപ്പെട്ടതും പ്രണയത്തിലായതും. 2014-ലാണ് ഇരുവരും വിവാഹിതരായത്. ഇവാന്‍, വിവേക്, മിറാബെല്‍ എന്നിങ്ങനെ മൂന്നുമക്കളുണ്ട്.