കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ട്രെയിന്‍ തട്ടിക്കൊണ്ടുപോയ എല്ലാ ബലൂച് വിമതരും കൊല്ലപ്പെട്ടു. കൂടാതെ ബന്ദികളാക്കിയ 300 പേരെയും മോചിപ്പിച്ചതായും പാക്കിസ്ഥാന്‍ പട്ടാളം അറിയിച്ചു. നടപടികള്‍ അവസാനിപ്പിച്ചതായും സൈന്യം അറിയിച്ചു.
ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) നടത്തിയ ആക്രമണത്തില്‍ ഇരുപത്തിയൊന്ന് യാത്രക്കാരും നാല് അര്‍ദ്ധസൈനികരും കൊല്ലപ്പെട്ടു. അതേസമയം സുരക്ഷാ സേന സംഭവസ്ഥലത്തുണ്ടായിരുന്ന 33 കലാപകാരികളെയും വധിച്ചതായി സൈനിക വക്താവ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

‘എല്ലാ തീവ്രവാദികളെയും വധിക്കുകയും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി രക്ഷിക്കുകയും ചെയ്തുകൊണ്ട് സായുധ സേന ഓപ്പറേഷന്‍ വിജയകരമായി അവസാനിപ്പിച്ചു,’ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് പറഞ്ഞു. രക്ഷപ്പെടുത്തിയ യാത്രക്കാരെ അവരുടെ ജന്മനാടുകളിലേക്ക് അയച്ചു. പരുക്കേറ്റവര്‍ മാക് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ചയാണ്, ഒമ്പത് കോച്ചുകളിലായി 500 ഓളം യാത്രക്കാരുമായി പോയ ജാഫര്‍ എക്‌സ്പ്രസ് പെഷവാറിലേക്കുള്ള യാത്രാമധ്യേ ക്വെറ്റയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള പര്‍വതപ്രദേശത്ത് വച്ച് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ലക്ഷ്യം വയ്ക്കുകയും പാളം തെറ്റിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തത്. പാക്കിസ്ഥാന്‍ സുരക്ഷാ സേനയ്ക്കെതിരെ ബലൂച് വിമതര്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരു പാസഞ്ചര്‍ ട്രെയിനിനെ ലക്ഷ്യം വച്ചത് ഇതാദ്യമായിരുന്നു.