തിരുവനന്തപുരം: യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്. ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടിസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയന്‍ പൗരനുമായ അലക്സേജ് ബെസിയോകോവ് (46) ആണു വര്‍ക്കലയില്‍ അറസ്റ്റിലായത്. ഗാരന്റക്സ് എന്ന ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകനാണ്.
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാന്‍ എത്തിയ അലക്സേജ്
ബെസിയോകോവിനെ വര്‍ക്കലയിലെ ഹോംസ്റ്റേയില്‍നിന്ന് ചൊവ്വാഴ്ചയാണ് പിടികൂടുന്നത്. വിദേശത്തേയ്ക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്ന ഇയാള്‍ ഇന്റര്‍പോള്‍, സിബിഐ, കേരള പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണു വലയിലായത്. പ്രതിയെ കേരള പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയശേഷം യുഎസിനു കൈമാറാനാണു നീക്കം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. സൈബര്‍ ആക്രമണം, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാടുകള്‍ എന്നീ കേസുകളില്‍ പ്രതിയാണ്. 2019 ഏപ്രില്‍ മുതല്‍ ഗാരന്റക്സ് 96 ബില്യന്‍ ഡോളറിന്റെയെങ്കിലും ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.