വാഷിങ്ടന്‍: യുക്രൈയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ വാക്കുകള്‍ ‘പ്രത്യാശ’ നല്‍കുന്നതാണെന്നും എന്നാല്‍ പൂര്‍ണമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ”വളരെ പ്രത്യാശയേകുന്ന പ്രസ്താവനയാണു പുടിന്റെത് . പക്ഷേ, പൂര്‍ണമല്ല. എനിക്ക് അദ്ദേഹത്തെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്. യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കണം” എന്നും ട്രംപ് പറഞ്ഞു.

സൗദിയില്‍ നടത്തിയ ചര്‍ച്ചയില്‍ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതി തത്വത്തില്‍ അംഗീകരിക്കുന്നുവെന്നു പുടിന്‍ പറഞ്ഞിരുന്നു. യുഎസ് ശുപാര്‍ശകള്‍ അംഗീകരിക്കുന്നുവെന്നു യുക്രൈയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും വ്യക്തമാക്കി. ഇതോടെയാണു യുക്രൈയ്‌നില്‍ സമാധാനത്തിനു സാധ്യത തെളിഞ്ഞത്.
വെടിനിര്‍ത്തല്‍ പദ്ധതിയിലെ ചില നിര്‍ദേശങ്ങളില്‍ വിയോജിപ്പുണ്ടെന്നും ഇക്കാര്യം യുഎസുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും പുടിന്‍ പറഞ്ഞു. ”അന്തിമ കരാറിന്റെ ഒട്ടേറെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. റഷ്യ അംഗീകരിച്ചില്ലെങ്കില്‍ ലോകത്തിനു വളരെ നിരാശാജനകമായ നിമിഷമാകും. ഞങ്ങള്‍ രഹസ്യമായി പ്രവര്‍ത്തിച്ചിട്ടില്ല. യുദ്ധത്തിന്റെ അവസാനം നിലനിര്‍ത്തുകയും നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥലങ്ങളെപ്പറ്റി യുക്രൈയ്‌നുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും- ട്രംപ് വ്യക്തമാക്കി.
തുടര്‍ ചര്‍ച്ചയ്ക്കു ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മോസ്‌കോയിലെത്തി. പുടിനും ട്രംപും തമ്മില്‍ ഫോണില്‍ സംസാരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു ട്രംപിനു പുടിന്‍ നന്ദി പറഞ്ഞു. സമാധാനത്തിനായി ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാഷ്ട്രനേതാക്കള്‍ നല്‍കുന്ന പിന്തുണയ്ക്കും മോസ്‌കോയില്‍ വാര്‍ത്താസമ്മേളനത്തില്‍ പുടിന്‍ നന്ദി അറിയിച്ചു.