മോസ്‌കോ: ഉപാധികളോടെ വെടി നിര്‍ത്തലിന് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ഇതിലൂടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പ്രഹരിക്കപ്പെടണമെന്നും വെടി നിര്‍ത്തല്‍ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയും വേണമെന്ന് പുടിന്‍ നിലപാടെടുത്തു. യുക്രൈയ്‌നില്‍ 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനാണ് റഷ്യ സമ്മതമറിയിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ആണ് റഷ്യന്‍ പ്രസിഡന്റ് തന്റെ നിലപാട് അറിയിച്ചത്.

നേരത്തെ അമേരിക്ക മുന്നോട്ട് വച്ച ഉപാധിരഹിത വെടിനിര്‍ത്തല്‍ റഷ്യ തള്ളിയിരുന്നു. അത് യുക്രൈനിന് അനുകൂലമായ നിലപാടാണെന്നാണ് അന്ന് റഷ്യ പ്രതികരിച്ചത്. എന്നാല്‍ ഇരുരാജ്യങ്ങളെയും സംബന്ധിച്ച് നിര്‍ണായക തീരുമാനമാണ് റഷ്യ കൈക്കൊണ്ടിരിക്കുന്നത്. വെടിനിര്‍ത്തല്‍ അംഗീകരിക്കാമെന്നും, ഇതിന് തീര്‍പ്പു വേണമെന്നും പുടിന്‍ പറഞ്ഞു.തങ്ങളുടെ താല്‍പര്യങ്ങള്‍ സ്വാഭാവികമായി സംരക്ഷിക്കപ്പെടണമെന്നും അതിന് അനുകൂലമായ ചര്‍ച്ചകളാണ് ഉണ്ടാകേണ്ടത് എന്നുമാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
റഷ്യയുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് അമേരിക്കന്‍ പ്രതിനിധി മോസ്‌കോയിലെത്തിയതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ അനുകൂലമായ നിലപാട്്. യുക്രൈന്‍ നേരത്തെ തന്നെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അനുകൂല നിലപാടെടുത്തിരുന്നു. റഷ്യ- യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം ആദ്യം മുതലേ സമാധാന ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നു.