വാഷിങ്ടൻ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ മാസങ്ങളോളമായി കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വംശജ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിൽ. ഇരുവരെയും മടക്കിയെത്തിക്കാനുള്ള നാസ– സ്പേസ്എക്സ് ദൗത്യം മുടങ്ങി. സ്പേസ് എക്സിന്‍റെ ക്രൂ 10 ദൗത്യമാണു വിക്ഷേപിക്കുന്നതിനു മുൻപു സാങ്കേതിക തടസ്സത്താൽ നിർത്തിയത്. പുതിയ വിക്ഷേപണത്തീയതി പ്രഖ്യാപിച്ചിട്ടില്ല. ബഹിരാകാശ സഞ്ചാരികളായ സുനിതയും വില്‍മോറും 16ന് മടങ്ങിയെത്താനുള്ള സാധ്യത ഇതോടെ മങ്ങി.

ഒൻപതു മാസത്തോളമായി ബഹിരാകാശനിലയത്തില്‍ തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാന്‍ നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണു ക്രൂ10. പകരക്കാരായ സംഘം ക്രൂ 10ൽ ബഹിരാകാശ നിലയത്തിൽ എത്തിയാലാണ് ഇരുവർക്കും മടങ്ങാനാവുക. നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽനിന്നാണു ഫാൽക്കൺ റോക്കറ്റ് വിക്ഷേപിക്കാൻ തയാറെടുത്തിരുന്നത്. ഇതിന്റെ തത്സമയ വിഡിയോ സംപ്രേഷണവും ഒരുക്കിയിരുന്നു. വിക്ഷേപണത്തിന് 4 മണിക്കൂർ മുൻപാണു ഹൈഡ്രോളിക് സിസ്റ്റത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് എൻജിനീയർമാർ കണ്ടെത്തിയതെന്നു നാസ ലോഞ്ച് കമന്റേറ്റർ ഡെറോൾ നെയിൽ പറഞ്ഞു.