ന്യൂഡെല്‍ഹി : ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാറ്റ്ലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനദാതാക്കളായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് കേന്ദ്രം ഉടന്‍ അനുമതി നല്‍കും. നിലവില്‍ എയര്‍ടെല്‍, റിലൈന്‍സ് ജിയോ എന്നീ കമ്പനികളുമായി സ്റ്റാര്‍ലിങ്ക് നടത്തിയ കരാറുകളുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുക. നടപടി അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ കണ്‍ട്രോള്‍ സെന്റര്‍ വേണമെന്ന ഉപാധി സര്‍ക്കാര്‍ സ്റ്റാര്‍ലിങ്കിന് മുന്നില്‍ വെച്ചിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കാന്‍ സൗകര്യം വേണം. സുരക്ഷ കാരണങ്ങളാല്‍ ടെലിഫോണ്‍ ചോര്‍ത്തുന്നതിന് സംവിധാനം ഉണ്ടാകണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സാധാരണ നീണ്ട പരിശോധനകള്‍ക്കും, അന്വേഷണത്തിനും ശേഷമാണ് ആശയവിനിമയ രംഗത്ത് വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കാറുള്ളത്.ഇന്ത്യയിലെ രണ്ട് പ്രമുഖ മൊബൈല്‍ കമ്പനികളായ എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നി കമ്പനികളുമായാണ് സ്റ്റാര്‍ലിങ്ക് കരാര്‍.

അതേസമയം സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ എതിര്‍ത്ത രണ്ട് കമ്പനികള്‍ പെട്ടന്ന് കരാറുണ്ടാക്കിയതിന് പിന്നില്‍ ചില പ്രത്യേക താല്‍പ്പര്യങ്ങളുണ്ടെന്നആരോപണവുമായി് കോണ്‍ഗ്രസ് രംഗത്തെത്തി.താരിഫ് ഭീഷണി തുടരുന്ന ട്രംപിനെ പ്രീതിപ്പെടുത്താനുള്ള തന്ത്രമാണിതെന്നും കരാറിന് പിന്നില്‍ പ്രധാനമന്ത്രിയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.